Saturday, February 11, 2012

"നിങ്ങള്‍ പൂര്‍ണ്ണ ചന്ദ്രനെ കണ്ടിട്ടുണ്ടോ?"

"നിങ്ങള്‍ പൂര്‍ണ്ണ ചന്ദ്രനെ കണ്ടിട്ടുണ്ടോ?"
ഉണ്ടാകും ലേ...? എന്നാല്‍ ഞാനും കണ്ടിട്ടുണ്ട്. നല്ല ഒന്നൊന്നര പൂര്‍ണ്ണ ചന്ദ്രന്‍.!!!!!



നമുക്കൊരിക്കല്‍കൂടി എന്‍റെ സ്കൂളിലേക്ക് തിരിച്ചുപോകാം. ഞാനപ്പോളേക്കും യു.പി. യില്‍ നിന്നും ഹൈസ്കൂളിലെത്തിയിരുന്നു. കൗമാരക്കാരനെന്ന ബോധം വന്നുതുടങ്ങിയ കാലം. എന്തിനെയും നിഷേധിക്കുന്ന ഒരസുരകാലം.
ഞങ്ങള്‍ക്ക്‌ എല്ലാദിവസത്തെയും ഫസ്റ്റ് പിരീഡ് ഒഴിവാണ്. സമയമില്ലാത്തതുകൊണ്ട് ഞാനതന്വേഷിക്കാന്‍ പോയുമില്ല. ആദിവസങ്ങളില്‍ മറ്റുള്ളവരെല്ലാം ക്ലാസിലിരിക്കുമ്പോ ഞങ്ങളുടെ ക്ലാസില്‍ ആര്‍മ്മാദിക്കല്‍ മാത്രം. വൈകാതെതന്നെ 8-G യുടെ ലീലാവിലാസങ്ങള്‍ സ്കൂളിലെങ്ങും പാട്ടായി. ഒടുവിലത് പ്രിന്‍സിപ്പലിന്‍റെ കാതിലുമെത്തി. അങ്ങനെയൊരുദിവസം ഫസ്റ്റ് പിരീഡില്‍ ഞങ്ങളുടെ പ്രധാന വിനോദമായ 'ഡെസ്കില്‍കേറിചാടല്‍' നടന്നുകൊണ്ടിരിക്കുകയായിരുന്നു. മേശയില്‍ കേറിനിന്ന എന്‍റെ ചെവിയില്‍ നുള്ളിക്കൊണ്ട് പ്രിന്‍സിയുടെ രംഗപ്രവേശം.
പ്രിന്‍സി: നീയാരാടാ കുരങ്ങനോ...? ചാടിക്കളിക്കാന്‍...?
പീബീ: അല്ല.
പ്രിന്‍സി: നിങ്ങള്‍ക്ക് ക്ലാസില്ലേ...? ആരാ നിങ്ങടെ ക്ലാസ്ടീച്ചര്‍? ഹും..??
പീബീ: അറിയില്ല മാഷേ...
പിള്ളേരുടെ ഇടയില്‍ നിന്നും ഒരശരീരി, ......"മുല്ലനേഴിമാഷാ".......
പ്രിന്‍സി: ഓ.. മുല്ലനാണല്ലേ.. ഞാന്‍ വഴിയുണ്ടാക്കാം. (എന്നോടായി ) ഡാ... ആ സ്റ്റാഫ്‌റൂമില്‍ പോയി കമലാക്ഷി ടീച്ചറെ വിളിച്ചിട്ടുവാ...
പീബീ: ശരിസാര്‍....
(ഞാന്‍ സ്റ്റാഫ്‌റൂമിലേക്ക്‌ ഓടിപ്പോയി, ഭാവിയില്‍ ഈ സ്കൂളിലെ പ്രിന്‍സിപ്പലായി അയാളുടെ മകനെ തല്ലുന്നതിനെക്കുറിച്ചായിരുന്നു എന്‍റെ ചിന്തമുഴുവനും.)
പിറ്റേന്നുമുതല്‍ കമലാക്ഷിടീച്ചറുടെ ക്ലാസായിരുന്നു. മലയാളമാണ് വിഷയം. അത്യുഗ്രന്‍ ക്ലാസാണ് ടീച്ചറുടേത്. കഥകളിയിലെ ചില മുദ്രകളും മറ്റും ടീച്ചര്‍ ക്ലാസില്‍ അവതരിപ്പിക്കുമായിരുന്നു. ഇടയ്ക്കിടെ മുല്ലനേഴി മാഷിനെക്കുറിച്ചു പറയും. നല്ല കലാകാരനാനെന്നും, സിനിമ പ്രവര്‍ത്തകനാണെന്നും. കൂടാതെ കൂട്ടുകാരുടെ ഭാഗത്തുനിന്നും വേറെ ചിലതും കേട്ടു. പുള്ളി ഭയങ്കര വെള്ളമടിയനാനെന്നും വായേ തോന്നീത് വിളിച്ചുപറയും എന്നൊക്കെ കേട്ട്, മാഷിനെക്കാണാനുള്ള ആകാംഷ പ്രതിദിനം വര്‍ദ്ദിച്ചുവന്നു. അതിനിടയിലതാ എന്നെ വിഷമിപ്പിച്ചുകൊണ്ട് മറ്റൊരു വാര്‍ത്ത. മാഷ്‌ സ്കൂളിലെപണി
ഉപേക്ഷിക്കാന്‍ പോകുന്നെന്ന്... കലാസാംസ്കാരിക മേഖലയില്‍ ശ്രദ്ധിക്കാനാണ് തീരുമാനമാത്രേ...
ഒന്ന് കണ്ടിരുന്നെങ്കില്‍...., എന്നാശിച്ചുപോയി..!

അങ്ങനെയിരിക്കെ ക്ലാസ്സിലേക്ക് ഒരു മാഷ്‌ കേറിവന്നു. മോശം വസ്ത്രം. പക്ഷെ മൊത്തത്തില്‍ കാണാന്‍ നല്ല ലുക്ക്‌ ഉണ്ട്.
"ഞാന്‍ നിങ്ങടെ ക്ലാസ്സ്‌ മാഷാ.. "
രജിസ്റ്റര്‍ നോക്കി പേരുവിളിച്ചുകൊണ്ട് ഓരോരുത്തരെയും പരിചയപ്പെട്ടു. എന്താ ഒരു ശബ്ദ സൗന്ദര്യം. ഞങ്ങള്‍ടെ ഭാഷയില്‍ പറഞ്ഞാ...
"എന്തുട്ടാ.... സൗണ്ട്.... ഗഡീഡെ....."

മാഷ്‌ ക്ലാസ്സുതുടങ്ങിയപ്പോളല്ലേ... വ്യത്യാസം പിടികിട്ടിയത്. ടീച്ചറെക്കാള്‍ നല്ലൊരു ക്ലാസായിരിക്കുമെന്ന് ആരുംകരുതിയില്ല. വാക്കുകളില്‍ പ്രതിഫലിപ്പിക്കാന്‍ പ്രയാസമാണ് അത്. പിറ്റേദിവസം മാഷൊരു കവിതയാണ് പഠിപ്പിച്ചത്. അതിലെവിടെയോ ഒരു പൂര്‍ണ്ണചന്ദ്രന്‍ കേറിവന്നു.
"കുട്ടികളേ... നിങ്ങള്‍ പൂര്‍ണ്ണചന്ദ്രനെ കണ്ടിട്ടുണ്ടോ?"
"ഉണ്ട് മാഷേ..."
"അതെങ്ങനെ ഇരിക്കും?"
"വട്ടത്തില്..."
"ഹാ.... ഇനിയും കാണാത്തവരുണ്ടെങ്കില്‍ ഇങ്ങോട്ട് നോക്കിക്കോ...."
(എല്ലാവരും ആകംഷയോടെയായിരുന്നു, പകല്‍ എവിടെയാ ഇങ്ങേരു ചന്ദ്രനെ കാണിക്കാന്‍ പോകുന്നത്???)
"എവിടെയാ... മാഷേ...???"
അപ്പോളതാ.. മാഷ്‌ തന്‍റെ കഷണ്ടി തലയിലോട്ടുചൂണ്ടികൊണ്ട് പുറംതിരിഞ്ഞുനില്‍ക്കുന്നു. ഞങ്ങളെല്ലാവരും ആര്‍ത്തു ചിരിച്ചു. ഞാനിപ്പോഴും ആ രംഗം ഓര്‍ക്കുന്നു. പിന്നില്‍ നിന്നുംനോക്കിയാല്‍ ഒരു പൂര്‍ണ്ണ വൃത്തം തന്നെയായിരുന്നു അത്. അങ്ങനെ ആ വര്‍ഷം ഞങ്ങള്‍ ആര്‍മാദിച്ചു.

പിന്നീട് മാഷ്‌ സ്കൂള്‍ പണി നിര്‍ത്തി പോകുന്നതാണ് കണ്ടത്.
എങ്കിലും അദ്ദേഹം അഭിനയിച്ച ടെലിഫിലിമുകള്‍ സ്കൂളില്‍ പ്രദര്‍ശിപ്പിക്കുമായിരുന്നു. മാഷുടെ കവിതകള്‍ സ്കൂള്‍ സുവിനിയറില്‍ പ്രസിദ്ധീകരിക്കുമായിരുന്നു.
അങ്ങനെ നാലഞ്ചുവര്‍ഷങ്ങള്‍ക്കുശേഷം സാഹിത്യഅക്കാദമിയില്‍വെച്ച് ഞാന്‍ മാഷിനെകണ്ടുമുട്ടി. നേരെപോയി സ്വയം പരിചയപ്പെടുത്തി. പ്രത്യേകിച്ച് തിരിച്ചറിയാന്‍ ഒന്നും ഇല്ലാത്തതുകൊണ്ട് പേരുമാത്രം വീണ്ടും ചോദിച്ചു. പഠിപ്പിക്കല്‍ നിര്‍ത്താതിരിക്കാര്‍ന്നില്ലേ..? എന്ന് ചോദിച്ചപ്പോള്‍,

"എനിക്ക് കുട്ടികള്‍ എന്നുവെച്ചാ.. ജീവനാ...!! പിന്നെ, രണ്ടും കൂടി നടക്കാതെ വന്നപ്പോ... കൂടുതല്‍ നേടാനാകാത്ത വഴികളിലൂടെ കുറച്ചദികം സഞ്ചരിക്കാം എന്നുവച്ചു. അതോണ്ടാ..."
വാല്‍സല്യം തുളുമ്പുന്ന ആ കണ്ണുകള്‍ കുറച്ചുനേരം അടുത്തുനിന്നു ആസ്വദിച്ചശേഷം ഞാന്‍ മടങ്ങി. പിന്നെ പലപ്പോഴായി മാഷിനെകാണാനും മിണ്ടാനും സാദിച്ചു. വര്‍ഷങ്ങള്‍ കടന്നുപോയിക്കൊണ്ടിരുന്നു.
കഴിഞ്ഞ ഒക്ടോബര്‍ 21നു സാഹിത്യഅക്കാദമിയില്‍ കവി അയ്യപ്പന്‍ സ്മരണാഞ്ജലിയില്‍ പങ്കെടുക്കാനായി കോളേജില്‍ നിന്നും നേരത്തേ ഇറങ്ങി. അതിനിടയില്‍ വീട്ടില്‍ നിന്നും ഫോണ്‍ വന്നു, എന്തോ അത്യാവശ്യവും പറഞ്ഞുകൊണ്ട്. അക്കാദമിയുടെ പടിക്കല്‍ എത്തിയ വണ്ടി ഞാന്‍ വീട്ടിലേക്കെടുത്തു. പിറ്റെന്നുരാവിലെ ആകാശവാണിയില്‍ മാഷിന്‍റെ മരണവാര്‍ത്ത കേട്ട് ഞാന്‍ ഞെട്ടി. അക്കാദമിയിലെ പരിപാടിയില്‍ പങ്കെടുത്തു കഴിഞ്ഞ ശേഷമാണ് മാഷ്ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടത് എന്നുകെട്ടപ്പോ... എനിക്ക് കരച്ചില്‍ വന്നു...


ആ പൂര്‍ണ്ണചന്ദ്രന്‍ മാഞ്ഞുപോയി.