Tuesday, October 16, 2012

'ഗുച്ചാന്‍'

ഞാന്‍ ഗുച്ചാന്‍.....,...
തൃശൂര്‍ നഗരമെന്നത് എന്‍റെ മൂന്ന് ചക്രത്തിന്‍റെ കീഴിലാണ്..!
എനിക്ക് തോന്നിയപോലെ ഞാന്‍ സഞ്ചരിക്കും...!

അതേ.. ഗെഡീ... ഈ റോഡ്‌ എന്‍റെ തന്തേടെവകയാ....!!!






കാര്യം പിടികിട്ടിക്കാണുമല്ലോ? തൃശ്ശൂരിലെ ഓട്ടോറിക്ഷകളെ ഗുച്ചാന്‍ എന്നാ വിളിക്കാ. ഇവിടെ വന്നിട്ട് ഇതിലൊന്ന് കേറിയിട്ടുള്ളവര്‍ ഒരുകാലത്തും മറക്കില്ല ഈ ഗെഡികളെ.
 എന്താ... ഒരു വിനയം!! വായെടുത്താല്‍ തെറിയല്ലാതെ പറയില്ല. നാട്ടുകാരല്ലെന്നു ബോധ്യപ്പെട്ടുകഴിഞ്ഞാല്‍ റൂട്ടും മീറ്റര്‍ ചാര്‍ജും മാറും.
  തൃശൂര്‍ ടൌണില്‍ ഏറ്റവുമധികം വാഹനാപകടങ്ങള്‍ ഉണ്ടാകുന്നത് ഈ ഗുച്ചാന്‍ ഗഡികള്‍ കാരണമാണ്. ഒന്നും കാണാന്‍ പറ്റാത്ത സൈഡ് മിററില്‍ നോക്കി യൂ ടേണ്‍ എടുക്കുക എന്നത് ഇവരുടെ മാസ്റ്റര്‍പീസാണ്. ഇന്‍ഡികേറ്ററിടുകയുമില്ല, പിന്നില്‍ വാഹനമുണ്ടോന്നു നോക്കാറുമില്ല. വണ്ടിയിടിച്ചുകഴിഞ്ഞാല്‍ കാണാം ഇവന്മാരുടെ തനിക്കൊണം. തെറിയഭിഷേകവും ഭീഷണിപ്പെടുത്തലും തരംനോക്കി കയ്യേറ്റവും ചെയ്യുക എന്നതാണിവരുടെ പ്രധാനപണി. സ്വജനപക്ഷപാതം എന്നൊന്നും ടെര്‍മിനോളജി പ്രകാരം അറിയില്ലെങ്കിലും, വന്നെത്തുന്ന ഓരോ ഓട്ടോക്കാരനും ഗുച്ചാന്‍ ഗഡികളുടെ കൂടെകൂടും. അലമ്പുണ്ടാക്കാന്‍ മാത്രം സമയവും സാഹചര്യവുമില്ലത്തവര്‍ ജീവനുംകൊണ്ടോടുകയാണ് പതിവ്. ഈ സംഘബലവും നെറികേടും കൂടിയാകുമ്പോള്‍ ടൌണിലൂടെ കണ്ണടച്ച് വണ്ടിയോടിക്കാനുള്ള ലൈസന്‍സായി.
പിന്നെ ഇവന്മാരുടെ ഈ ചൊറിച്ചില്‍ അവസാനിപ്പിക്കണമെങ്കില്‍ നല്ല സാധാ തൃശൂര്‍ ഗഡികള്‍ തന്നെ വേണം. തന്തക്കുവിളിച്ചാല്‍ വിളിച്ചവന്‍റെ തന്തേടെതന്തക്കുവിളിക്കുന്ന ഗഡികളോട് വളരെ നല്ല രീതിയില്‍ മാത്രമേ ഇവന്മാര് പെരുമാറൂ. എന്തൊക്കെ പറഞ്ഞാലും പോലീസ് എന്നുകേട്ടാല്‍ ഗുച്ചാന്‍ ഒന്ന് പേടിക്കും. നേരത്തെ പറഞ്ഞപോലത്തെ വര്‍ത്താനം പറഞ്ഞില്ലെങ്കിലും നേരെപോയി പോലീസില്‍ പരാതി നല്‍കിയാല്‍, ഇവരെ വിളിച്ചുവരുത്തി ഒരു പോലീസ് സദ്യയൊക്കെ കൊടുക്കും. ഇതിനൊക്കെ നമുക്ക്‌ സമയമുണ്ടാകണം എന്നുമാത്രം.!!!

(മാന്യമായി ഓട്ടോ ഓടിക്കുന്ന ചേട്ടന്മാര്‍ക്ക് ഈ പോസ്റ്റ്‌ ബാധകമല്ല, സോറി)