Thursday, November 10, 2011

11.11.11. കേരളം ഉറ്റുനോക്കുന്നു.

ഇന്ന് 11.11.11. സൗമ്യ വധകേസ് വിധിപ്രഖ്യാപനം. അന്നൊരു സായാഹ്നത്തില്‍ ഭാവിവരനെ കാണാന്‍കൊതിച്ച് വീട്ടിലേക്കുപുറപ്പെട്ട പെണ്‍കുട്ടി, യാത്രാമധ്യേ ക്രൂരമായി കൊലചെയ്യപ്പെട്ടവള്‍. താനെന്തുകുറ്റമാണ് ചെയ്തതെന്ന് അറിയാതെ വെമ്പല്‍കൊണ്ട നിമിഷങ്ങള്‍, അറിഞ്ഞിട്ടും യാത്ര തുടര്‍ന്നവര്‍. ആരാണ് കുറ്റക്കാരന്‍?? നമ്മള്‍ പറയും ഗോവിന്ദച്ചാമിയെന്ന്. ഒഴിഞ്ഞുമാറാന്‍ ഒരു പേര്.

എന്‍റെ അമ്മ, എന്‍റെ പെങ്ങള്‍, എന്‍റെ ഭാര്യ, എന്‍റെ മകള്‍, അങ്ങനെ പെണ്ണായിപിറന്നവള്‍ക്ക് ഒരു സംരക്ഷണവും വാഗ്ദാനം ലഭിക്കാത്ത നാട്. ദൈവത്തിന്‍റെ സ്വന്തം നാട്. ഇന്ന് പതിനൊന്നുമണിക്ക് തൃശ്ശൂര്‍ കോടതിയില്‍ വിധികേള്‍ക്കാനായി നമ്മള്‍ തടിച്ചുകൂടും. കയ്യില്‍കിട്ടിയാല്‍ പ്രതിയെ കടിച്ചുകീറും. കേരളം ഉറ്റുനോക്കുന്ന ആ കോടതിവിധി എന്താകും? ഈയൊരു വിധിയോടുകൂടി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുമോ? ബോംബെയില്‍നിന്നും വന്ന വക്കീല്‍ ഗോവിന്ദച്ചാമിയെ രക്ഷിക്കുമോ?

ചോദിക്കാന്‍ എളുപ്പമാണ്. ഉത്തരമാണ് പ്രയാസം. ഞാനും നിങ്ങളുമടങ്ങുന്ന നമ്മുടെ സമൂഹത്തിന്‍റെ മാനസികാവസ്ഥക്ക് മാറ്റംവരുത്തിയാലെ ഇതിനറുതിയാവൂ. നമ്മള്‍ എത്രപേര്‍ അതിനു തയ്യാറാകുമെന്നതാണ് നമ്മുടെ വിലപിടിച്ച ഉത്തരം. ആപേക്ഷികമായി വരുന്ന രോഷമല്ല നമ്മെ നയിക്കേണ്ടത്, പകരം നൈരന്തര്യമുള്ള കാര്യക്ഷമതയാണ് നമ്മില്‍ വളര്‍ത്തേണ്ടത്. മുന്നില്‍ നടക്കുന്ന അനീതികളെ ചോദ്യം ചെയ്യാനുള്ള ചങ്കുറപ്പാണ് നമ്മില്‍നിന്നും കേരളം ഉറ്റുനോക്കുന്നത്. ഇന്നത്തെ വിധിയില്‍ കുറ്റക്കാര്‍ക്ക് പരമാവധി ശിക്ഷലഭിക്കുമെന്നു നമുക്കാശിക്കാം. ഇനിയും സൗമ്യകള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കട്ടെ......

Sunday, November 6, 2011

"കൊട്ടാരം വീട്ടിലെ അപ്പൂട്ടന്‍ Std 6F"

തൃശ്ശൂരിലെ പ്രശസ്തമായ ഗവ. മോഡല്‍ ബോയ്സ് സ്കൂളിലെ ആറാം ക്ലാസ്സ്‌ എഫ് ഡിവിഷന്‍;
രാധാമണി ടീച്ചര്‍ വന്നു, രജിസ്റ്റര്‍ നോക്കി പേരുവിളിച്ചു.
ഞാന്‍ ഹാജര്‍ പറഞ്ഞപ്പോള്‍ ടീച്ചര്‍ പറഞ്ഞു ഈ പ്രാവശ്യവും ക്ലാസ്സ്ടോപ്പ ര്‍ നീ തന്നെയാണല്ലോ,
തെല്ലഹങ്കാരം വന്നെങ്കിലും അത് ഉള്ളിലൊതുക്കി ചെറുപുഞ്ചിരിയോടെ നിന്നു. എന്നെ അടുത്ത് വിളിച്ച് ഒരു ഫൈവ്സ്റ്റാര്‍ ചോക്ലേറ്റ് തന്നു. കാകൊല്ലപ്പരീക്ഷയിലും അരക്കൊല്ലപ്പരീക്ഷയിലും തുടര്‍ച്ചയായി ഒന്നാമതെത്തിയതാണ് ഈ പ്രത്യേക സമ്മാനത്തിന്‌പിന്നില്‍. ഈ അംഗീകാരം അസൂയയോടെ കുട്ടികള്‍ നോക്കിനിക്കവേ, രാധാമണി ടീച്ചര്‍ തുടര്‍ന്നു "പക്ഷേ, മാര്‍ക്ക്‌ വളരെ കുറവാണ്, നിന്‍റെ അതേ മാര്‍ക്കുള്ള കുട്ടിക്ക്‌ 6A യില്‍ അഞ്ചാംസ്ഥാനമേയുള്ളൂ."
എല്ലാകുട്ടികളും എന്നെനോക്കി കളിയാക്കിച്ചിരിച്ചു. ഇതിലും ഭേദം സമ്മാനം തരാതിരിക്കലായിരുന്നെന്ന് തോന്നിപ്പോയി. എനിക്ക് കരച്ചില്‍ വരുന്നുണ്ടെങ്കിലും ആരെയും അറിയിക്കാതെ സീറ്റില്‍ പോയി ഇരുന്നു.
പിറ്റേന്ന് രാവിലെ സ്പെഷ്യല്‍ അസംബ്ലി. ആയിരത്തഞ്ഞൂറോളം വരുന്ന വിദ്യാര്‍ത്ഥികള്‍ ഒത്തുചേരുന്നതാണ് സ്കൂളിലെ അസംബ്ലി. എന്തിനാണെന്ന് ആര്‍ക്കും വലിയ പിടിപാടുണ്ടായിരുന്നില്ല. പ്രിന്‍സിപ്പല്‍ പേരുവിളിക്കുന്നവര്‍ ഉടന്‍തന്നെ സ്റ്റേജിലേക്ക് പോകണമെന്ന് അന്നൌന്‍സ് ചെയ്തു. നോക്കുമ്പോളെന്താണെന്നോ, ഓരോ ക്ലാസിലെയും ഒന്ന്‍, രണ്ട് സ്ഥാനക്കാരായവര്‍ക്ക്‌ ബാഡ്ജ് സമ്മാനിക്കുന്നു. അഭിമാനത്തോടെ ഞാനും ഏറ്റുവാങ്ങി ഒന്ന്‍. കറുത്ത നിറത്തിലുള്ള ഒരു ഫൈബര്‍ പീസില്‍ 1st RANK 6F എന്നെഴുതി ഷര്‍ട്ടില്‍ പിന്‍ ചെയ്യാന്‍ കഴിയുന്നതായിരുന്നു ആ ബാഡ്ജ്.
അസംബ്ലി കഴിഞ്ഞ് ക്ലാസിലെത്തിയപ്പോള്‍, ശ്രീകാന്ത് എന്നോടുപറഞ്ഞു
'വലിയ പോസൊന്നും വേണ്ട ചെക്കാ! നമ്മളുതമ്മില്‍ 22 മാര്‍ക്കിന്‍റെ വ്യതാസമെയുള്ളൂ'
രണ്ടാംസ്ഥാനമായതില്‍ അവനു നല്ലവിഷമമുണ്ടെന്നു മനസ്സിലായി. അന്ന് വൈകീട്ട് ബസ്സില്‍ വെച്ച്, പത്താംക്ലാസിലെ ചേട്ടന്മാര്‍ അവര്‍ കണ്ട സിനിമയെക്കുറിച്ച് സംസാരിക്കുന്നത് എന്‍റെ ശ്രദ്ധയില്‍പ്പെട്ടു. അപ്പോള്‍ ഞാന്‍ കുറച്ചോര്‍ത്തുനിന്നുപോയി, വലിയ സ്ക്രീനില്‍ വലിയ മൃഗങ്ങള്‍ കാട്ടിക്കൂട്ടുന്ന ഓരോ പ്രശ്നങ്ങളും അതിനെ മറികടക്കാന്‍ ശ്രമിക്കുന്ന സായിപ്പന്മാരും,....
ആ..... അതെ... ജുറാസ്സിക്‌പാര്‍ക്ക്‌.
ഞാനന്നേവരെ മറ്റൊരു സിനിമയും തിയറ്ററില്‍ വച്ചുകണ്ടിട്ടില്ല. അതുതന്നെ കൃത്യമായി ഓര്‍മയുമില്ല. ചേട്ടന്മാരുടെ സിനിമാകഥയ്ക്ക് ചെവികൂര്‍പ്പിച്ചു നില്‍ക്കവേ എന്‍റെ സ്റ്റോപ്പെത്തി.
വീട്ടിലെത്തിയതും അമ്മാ എന്നുറക്കെവിളിച്ചുകൊണ്ട് ബാഡ്ജ് കാണിച്ചുകൊടുത്തു. എല്ലാവരുടെ അടുത്തുനിന്നും പ്രശംസകള്‍ ഏറ്റുവാങ്ങിക്കൊണ്ട് ആ ദിവസം അവസാനിച്ചു. പോലീസുകാരുടേത്പോലുള്ള ബാഡ്ജ് ഒരഹങ്കാരമായി സ്കൂളില്‍ കുത്തിനടന്നു.
ഒരുദിവസം വൈശാഘ് വന്നെന്നോട് ചോദിച്ചു, "എടാ ഒരു പത്തുരൂപയുണ്ടോ നിന്‍റെ കയ്യില്‍?"
ഞാന്‍(പീബീ): 'എന്തിനാ?'
വൈശാഘ്: "ഞങ്ങള്‍ക്കൊരു സിനിമയ്ക്ക് പോകാനാ"
പീബീ: ഏത്‌ സിനിമ?
വൈശാ: അപ്പൂട്ടന്!!
പീബീ: നല്ലസിനിമയാ??
വൈശാ: നല്ലസിനിമയാ, എന്‍റെ വീടിന്‍റെ അടുത്തുള്ള പിള്ളേര് കണ്ടു.
പീബീ: എപ്പളാ പടം?
വൈശാ: നൂണ്‍ഷോക്ക്‌, 12മണിക്ക് തുടങ്ങും.
പീബീ: അയ്യോ, ക്ലാസ്സുകട്ട് ചെയ്തിട്ടോ?
വൈശാ: അതൊന്നും ആരും അറിയില്ല, ഞങ്ങള്പതുക്കെ പൊക്കോളാം. നീ പൈസ കാട്ട്!!
പീബീ(അല്പം ഭയത്തോടെ): എടാ ഞാനും വരട്ടെ??
വൈശാ: "നീ പോരുന്നുണ്ടെങ്കി പോരേ, 11 മണീടെ ഇന്‍റര്‍വെല്ലിനിറങ്ങാം".
(എന്‍റെ മനസ്സില്‍ വേലിയേറ്റം നടക്കുന്നുണ്ടായിരുന്നു. അന്ന് ചേട്ടന്മാര്‍ സംസാരിച്ചതും ഇതേ സിനിമയെപ്പറ്റിത്തന്നെയാണ്. വേണോ വേണ്ടയോ എന്നാലോചിച്ച് എന്‍റെ തലപെരുത്തു. അവസാനം.......)
പീബീ: എന്നാല്‍ ആ ആല്‍വിനെക്കൂടി കൂട്ടാം.
വൈശാ: ഓക്കേ, നിന്‍റെകയ്യില്‍ കാശുണ്ടല്ലോ?
പീബീ (ആവേശത്തോടെ): എല്ലാരുടെയും കാശ് ഞാനെടുക്കാം.
വൈശാ: അപ്പൊ നമ്മള്‍ നാലുപേരും ഇന്‍റര്‍വെല്ലിനിറങ്ങുന്നു.
ഞാന്‍: ഓക്കെ.

തീരുമാനം ശെരിയോ തെറ്റോ എന്നൊന്നും ആലോചിച്ചില്ല, ആല്‍വിനോട് പറഞ്ഞുശെരിയാക്കി.
തൃശ്ശൂരിലെ ഏറ്റവും വലിയ തിയറ്ററായ രാഗത്തിലാണ് പടം കളിച്ചിരുന്നത്. പദ്ധതിപ്രകാരം ഞങ്ങള്‍ (പീബീ, വൈശാഘ്, ആല്‍വിന്‍, ബാലു) ക്ലാസ്കട്ട് ചെയ്ത് സിനിമയ്ക്ക് കയറി. അന്ന് അഞ്ചുരൂപയാണ് ഏറ്റവും കുറഞ്ഞ ടിക്കറ്റിന്, ഞങ്ങള്‍ അതെടുത്തു. എന്‍റെ ചിലവില്‍ പടം. സൂപ്പര്‍ ഹിറ്റ്‌...
"ആവണിപ്പൊന്നൂഞ്ഞാല്‍ ആടിക്കാം........"
എന്നുതുടങ്ങുന്ന ഗാനം എന്‍റെ മനസ്സില്‍ തത്തിക്കളിച്ചു.
ശരിക്കും ആ സിനിമ ഞങ്ങള്‍ ആഘോഷിച്ചു. ആവേശംകൊണ്ട് എനിക്ക് നിലത്ത് നിക്കാന്‍ സാധിച്ചില്ല. സിനിമകഴിഞ്ഞിറങ്ങിയ ഞങ്ങള്‍ക്ക്‌ അതിയായ സന്തോഷം തോന്നി. ഇനിയും സിനിമ കാണണം, ഞങ്ങള്‍ പ്രതിഞ്ജയെടുത്തു.
"നാളെ ശനിയാഴ്ചയല്ലേ? നമുക്ക്‌ തിങ്കളാഴ്ച പോകാം, അന്ന് ക്ലാസ്സില്‍ കേറണ്ട...."

തിങ്കളാഴ്ചത്തേക്ക് കാശുണ്ടാക്കണ്ടേ? അതെങ്ങനെയെന്ന് ആലോചിച്ചിട്ട് ഒരു പിടിയും കിട്ടിയില്ല...
തിങ്കളാഴ്ച നൂറുരൂപയുംകൊണ്ട്‌ ഞാന്‍ വീട്ടില്‍നിന്നും വണ്ടികയറി. വീട്ടിലെ അലമാരയില്‍ ഉണ്ടായിരുന്ന നോട്ട്കെട്ടില്‍നിന്നും എടുത്ത ആ കാശിനു വളരെ ചൂട് അനുഭവപ്പെട്ടിരുന്നു...
ഞാന്‍ തൃശൂരിലെത്തി അവരെ കാത്തുനിന്നു. പത്തുമണിയായിട്ടും ആരെയും കാണാനില്ല. അവര്‍ പരിപാടി മാറ്റിയോ എന്ന് ഞാന്‍ സംശയിച്ചു. എന്തായാലും സ്കൂള്‍ പരിസരത്തേക്ക്‌ പോകാമെന്ന് തീരുമാനിച്ചു. വഴിയില്‍വെച്ച് ക്ലാസ്സിലെ രണ്ടുപേര്‍ ഇങ്ങോട്ട് നടന്നുവരുന്നത് കണ്ടു. അവരോടു ഞാന്‍ ചോദിച്ചു എന്തടാ... ഇന്ന് ക്ലാസ്സില്ലേ?....
"ക്ലാസ്സൊക്കെയുണ്ട്, നിന്നെ രാധാമണി ടീച്ചര്‍ അന്വേഷിക്കുന്നുണ്ട്."
"ഉം... നിങ്ങളെങ്ങോട്ടാ?...."
"മരുന്ന് മേടിക്കാന്‍, നീ വേഗം ചെന്നോ ഇല്ലെങ്കി പ്രശ്നാവും"
ഭഗവാനേ പെട്ടോ...? (എന്‍റെ മനസ്സ്‌ മന്ത്രിച്ചു.)
എന്തുചെയ്യണമെന്ന് എനിക്കൊരു പിടിയും കിട്ടിയില്ല.
രണ്ടും കല്പിച്ച് ഞാന്‍ ക്ലാസ്സിലേക്കുനടന്നു.

കുറച്ചകലെ നിന്നുതന്നെ ക്ലാസ്സിനുപുറത്ത് ആരൊക്കെയോ നിക്കുന്നുണ്ടെന്നു മനസ്സിലായി. അത് മറ്റു മൂവരുടെയും രക്ഷിതാക്കളായിരുന്നു. എന്‍റെ വീട്ടിലെ ഫോണ്‍ കേടായതുകൊണ്ട് എന്‍റെ വീട്ടിലിതറിയിക്കാന്‍ ടീച്ചര്‍ക്ക് സാധിച്ചില്ല. അതിനായിട്ടാണ് നേരത്തെ കണ്ട രണ്ടുപേരെ ടീച്ചര്‍ അയച്ചത്. എന്‍റെ ജീവന്‍ സ്കൂള്‍ ഗേറ്റ് വരെ പോയി തിരിച്ചുവന്നപോലെ തോന്നി.
രാധാമണിടീച്ചര്‍ വളരെ തിരക്കിലായിരുന്നു, ഉപദേശം. അവരുടെ രക്ഷിതാക്കള്‍ എന്നെ തറപ്പിച്ചുനോക്കി. അവര്‍ക്ക് കിട്ടിയ വിവരപ്രകാരം ഞാനാണ് അവരെ സ്വന്തം ചിലവില്‍ കൊണ്ടുപോയി സിനിമകാണിച്ച് നാശാക്കിയത്. എനിക്കൊന്നും പറയാനുള്ള അവകാശം ഉണ്ടായിരുന്നില്ല. കുറച്ചുകഴിഞ്ഞ് എന്‍റെ പിതാവും വന്നെത്തി. അങ്ങേരുടെ സ്വഭാവമനുസരിച്ച് ടീച്ചറുടെ മുന്പില്‍വെച്ചുതന്നെ തല്ലുമെന്നതുറപ്പാണ്. എന്തുകൊണ്ടോ, അത് സംഭവിച്ചില്ല.
"1st RANK ആയിട്ടെന്ത്കാര്യം...? സ്വഭാവം നന്നാവണം." - ടീച്ചര്‍
"നീ പഠിച്ചില്ലെങ്കിലും കൊഴപ്പില്ല, ഞാനത് സഹിക്കും. പക്ഷേ ഇത് എനിക്ക് സഹിക്കാന്‍ പറ്റില്ല. നീ വീട്ടില്‍ വാ...."-my dad.
അടിയുറപ്പായി, ഞങ്ങള്‍ വീട്ടിലേക്കു മടങ്ങവെ.....

കഴിഞ്ഞാഴ്ചയെക്കുറിച്ച് ഞാനൊന്നലോചിച്ചു. പ്രശംസകള്‍ നിറഞ്ഞതായിരുന്നു അത്. വലിയ മലയിടുക്കില്‍നിന്നും താഴോട്ട് വീഴുന്നതുപോലെ തോന്നി.
വീട്ടിലെത്തിയപ്പോഴേക്കും മോഷണത്തുക വര്‍ദ്ധിച്ചിരുന്നു. എല്ലാം എന്‍റെ തലയില്‍. വീട്ടുകാരുടെ മാനം ഞാന്‍ കാരണം പോയി. എല്ലാവരാലും വെറുക്കപ്പെട്ടവനായിമാറി.

ഒന്നുരണ്ടു ദിവസത്തിന്ശേഷം ഞാന്‍ സ്കൂളില്‍ പോയി. ഞാന്‍ ക്ലാസ്സില്‍ കയറിയതും എല്ലാവരും "അപ്പൂട്ടന്‍ വന്നേ" എന്നാര്‍ത്തുവിളിച്ചു. ബന്ധുക്കള്‍ "കൊട്ടാരം വീട്ടിലെ അപ്പൂട്ടന്‍" എന്ന് തീര്‍ത്തുവിളിച്ചു. അങ്ങനെ ആറാം ക്ലാസ്സിലെ പീബീ, അപ്പൂട്ടനായി. കൊറേക്കാലം ആ പേര് നിലനിന്നുപോന്നു.

ഇത് നിങ്ങളോട് പറഞ്ഞത്‌, തമാശക്കല്ല. ഈ സംഭവം എന്‍റെ ജീവിതത്തിലുണ്ടാക്കിയ മാറ്റത്തെക്കുറിച്ച് സൂചിപ്പിക്കാനാണ്. അതായിരുന്നു എന്‍റെ ആദ്യത്തെയും അവസാനത്തേതുമായ മോഷണം. വ്യക്തമായ പ്ലാനിംഗ് ഇല്ലാത്തതിനാലാണ് സിനിമയ്ക്ക് പോയത്‌ പിടിക്കപ്പെട്ടത്. ഇനി അതുണ്ടാവാന്‍ പാടില്ല. അതിനുശേഷം കണ്ട നൂറുകണക്കിന് സിനിമകള്‍ പിടിക്കപ്പെട്ടിട്ടില്ല. ആ സംഭവത്തോട്കൂടി ഞാന്‍ മനസ്സിലാക്കി സിനിമയെന്നത് എന്‍റെ വികാരമാണെന്ന്. അത് എത്തിപ്പിടിക്കാനുള്ള തത്രപ്പാടിലാണിപ്പോള്‍. പ്രാര്‍ഥിക്കുക...........

എന്ന്‍ സഹോദരന്‍,
_പീബീ