Thursday, November 10, 2011

11.11.11. കേരളം ഉറ്റുനോക്കുന്നു.

ഇന്ന് 11.11.11. സൗമ്യ വധകേസ് വിധിപ്രഖ്യാപനം. അന്നൊരു സായാഹ്നത്തില്‍ ഭാവിവരനെ കാണാന്‍കൊതിച്ച് വീട്ടിലേക്കുപുറപ്പെട്ട പെണ്‍കുട്ടി, യാത്രാമധ്യേ ക്രൂരമായി കൊലചെയ്യപ്പെട്ടവള്‍. താനെന്തുകുറ്റമാണ് ചെയ്തതെന്ന് അറിയാതെ വെമ്പല്‍കൊണ്ട നിമിഷങ്ങള്‍, അറിഞ്ഞിട്ടും യാത്ര തുടര്‍ന്നവര്‍. ആരാണ് കുറ്റക്കാരന്‍?? നമ്മള്‍ പറയും ഗോവിന്ദച്ചാമിയെന്ന്. ഒഴിഞ്ഞുമാറാന്‍ ഒരു പേര്.

എന്‍റെ അമ്മ, എന്‍റെ പെങ്ങള്‍, എന്‍റെ ഭാര്യ, എന്‍റെ മകള്‍, അങ്ങനെ പെണ്ണായിപിറന്നവള്‍ക്ക് ഒരു സംരക്ഷണവും വാഗ്ദാനം ലഭിക്കാത്ത നാട്. ദൈവത്തിന്‍റെ സ്വന്തം നാട്. ഇന്ന് പതിനൊന്നുമണിക്ക് തൃശ്ശൂര്‍ കോടതിയില്‍ വിധികേള്‍ക്കാനായി നമ്മള്‍ തടിച്ചുകൂടും. കയ്യില്‍കിട്ടിയാല്‍ പ്രതിയെ കടിച്ചുകീറും. കേരളം ഉറ്റുനോക്കുന്ന ആ കോടതിവിധി എന്താകും? ഈയൊരു വിധിയോടുകൂടി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുമോ? ബോംബെയില്‍നിന്നും വന്ന വക്കീല്‍ ഗോവിന്ദച്ചാമിയെ രക്ഷിക്കുമോ?

ചോദിക്കാന്‍ എളുപ്പമാണ്. ഉത്തരമാണ് പ്രയാസം. ഞാനും നിങ്ങളുമടങ്ങുന്ന നമ്മുടെ സമൂഹത്തിന്‍റെ മാനസികാവസ്ഥക്ക് മാറ്റംവരുത്തിയാലെ ഇതിനറുതിയാവൂ. നമ്മള്‍ എത്രപേര്‍ അതിനു തയ്യാറാകുമെന്നതാണ് നമ്മുടെ വിലപിടിച്ച ഉത്തരം. ആപേക്ഷികമായി വരുന്ന രോഷമല്ല നമ്മെ നയിക്കേണ്ടത്, പകരം നൈരന്തര്യമുള്ള കാര്യക്ഷമതയാണ് നമ്മില്‍ വളര്‍ത്തേണ്ടത്. മുന്നില്‍ നടക്കുന്ന അനീതികളെ ചോദ്യം ചെയ്യാനുള്ള ചങ്കുറപ്പാണ് നമ്മില്‍നിന്നും കേരളം ഉറ്റുനോക്കുന്നത്. ഇന്നത്തെ വിധിയില്‍ കുറ്റക്കാര്‍ക്ക് പരമാവധി ശിക്ഷലഭിക്കുമെന്നു നമുക്കാശിക്കാം. ഇനിയും സൗമ്യകള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കട്ടെ......

2 comments:

  1. നാള്‍വഴി
    ************
    2011 ഫെബ്രുവരി ഒന്ന്

    രാത്രി 9.30ന് വള്ളത്തോള്‍ നഗര്‍ റെയില്‍വെ സ്‌റ്റേഷനടുത്ത് ട്രാക്കിനോട് ചേര്‍ന്ന് ഷൊര്‍ണ്ണൂര്‍ മഞ്ഞക്കാട് മുല്ലക്കല്‍ ഗണേശന്റെയും സുമതിയുടെയും മകള്‍ സൗമ്യയെ(23) ആക്രമിക്കപ്പെട്ട് ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തി.
    ഫെബ്രുവരി രണ്ട്

    ചേലക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
    ഫെബ്രുവരി നാല്

    സംഭവവുമായി ബന്ധപ്പെട്ട് സഹയാത്രികരുടെയും സംഭവസ്ഥലത്തു കണ്ടവരുടെയും മൊഴിയുടെ അടിസ്ഥാനത്തില്‍ തമിഴ്‌നാട് കടലൂര്‍ ജില്ലയിലെ സമത്വപുരം വിരുദാചലം ഇരഞ്ചി 51ഫഐവത്തുകുടി അറുമുഖന്റെ മകന്‍ ഗോവിന്ദചാമിയെ(30) അറസ്റ്റുചെയ്തു.
    ഫെബ്രുവരി ആറ്

    തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന സൗമ്യ മരിച്ചു.
    ഏപ്രില്‍ 18

    കുന്നംകുളം ഡി.വൈ.എസ്.പിയുടെ ചുമതലുണ്ടായിരുന്ന ക്രൈം ഡിറ്റാച്ച്‌മെന്റിലെ രാധാകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വടക്കാഞ്ചേരി ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം നല്‍കി.
    മെയ് 19

    ജില്ലാ സെഷന്‍സ് കോടതിയില്‍ കുറ്റപത്രം വായിച്ചു.
    ജൂണ്‍ ആറ്

    തൃശൂര്‍ ഒന്നാം നമ്പര്‍ അതിവേഗ കോടതിയില്‍ കേസിന്റെ വിചാരണ ആരംഭിച്ചു. മുംബൈ ഹൈകോടതിയിലെ അഭിഭാഷകനായ ബി.എ.ആളൂര്‍ പ്രതിക്കുവേണ്ടി വക്കാലത്ത് നല്‍കിയത് വിവാദമായി. ഇതോടെ സൗമ്യ കേസിന് സ്‌പെഷല്‍ പ്രോസിക്യൂട്ടറായി എ.സുരേശനെ സര്‍ക്കാര്‍ നിയോഗിച്ചു.
    ഒക്ടബോര്‍ 10

    തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ.ഉന്മേഷ് പ്രതിക്ക് അനുകൂലമായി കോടതിയില്‍ മൊഴി നല്‍കിയത് വിവദമായി. ഷേര്‍ളി വാസുവല്ല, താനാണ് സൗമ്യയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയതെന്നും താന്‍ തയ്യാറാക്കിയ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ തിരുത്തലുകള്‍ വരുത്തിയാണ് കോടതിയില്‍ സമര്‍പ്പിച്ചതെന്നുമായിരുന്നു ഉന്മേഷിന്റെ മൊഴി.
    ഒക്ടോബര്‍ 15

    ഡോ.ഉന്മേഷിനെ കോടതി വീണ്ടും വിസ്തരിച്ചു.
    ഒക്ടോബര്‍ 31

    ഗോവിന്ദച്ചാമി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ശിക്ഷ പിന്നീട് വിധിക്കുമെന്ന് അറിയിച്ചു.


    നവംബര്‍ 4

    തമിഴ്‌നാട്ടില്‍ രേഖപ്പെടുത്തിയ വിവിധ കേസുകളില്‍ വിരലടയാളങ്ങള്‍ ഗോവിന്ദച്ചാമിയുടേത് തന്നെയെന്നു സ്ഥിരീകരിച്ചു. ഗോവിന്ദച്ചാമി സ്ഥിരം കുറ്റവാളിയെന്ന് കോടതിക്ക് ബോധ്യപ്പെട്ടു.
    നവംബര്‍ 11

    അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസാണെന്ന് ചൂണ്ടികാണിച്ച് തൃശൂര്‍ അതിവേഗ കോടതി ജഡ്ജി രവീന്ദ്രബാബു ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചു.

    ReplyDelete
  2. ഇഷ്യൂബേസ്ഡ് പോസ്റ്റുകള്‍ അഭിനന്ദനമര്‍ഹിക്കുന്നു. ആശംസകള്‍ .

    ReplyDelete